ischool വാട്സാപ്പ് ഗ്രൂപ്പ്; യുഎഇയിലെ രക്ഷിതാക്കളുടെ നീക്കങ്ങൾക്കെതിരെ നിർദേശവുമായി സ്കൂൾ അധികൃതർ - Pravasiclick

ischool വാട്സാപ്പ് ഗ്രൂപ്പ്; യുഎഇയിലെ രക്ഷിതാക്കളുടെ നീക്കങ്ങൾക്കെതിരെ നിർദേശവുമായി സ്കൂൾ അധികൃതർ

അബുദാബി∙ രക്ഷിതാക്കളുടെ വാട്സാപ് കൂട്ടായ്മകളിലെ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സ്കൂൾ അധികൃതർ. സ്ഥാപനത്തെ മോശമായി ബാധിക്കുന്നെന്ന പരാതിയുമായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ രംഗത്തുവന്നിരിക്കുന്നത് . വ്യാജ വിവരങ്ങൾ കൈമാറുന്നത് വിദ്യാഭ്യാസ മേഖലയിൽ ആശയക്കുഴപ്പമുണ്ടാക്കും. പ്രകോപനപരമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് രാജ്യത്തെ ഐടി നിയമത്തിനെതിരാണ്. ഇത്തരക്കാർക്ക് വൻ തുക പിഴയോ തടവോ ലഭിക്കാമെന്നും സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളെ ഓർമിപ്പിച്ചു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നത് നിയമനടപടിക്കു കാരണമാകും. സ്കൂളുകളെ സംബന്ധിച്ചു രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കാൻ സ്കൂളുമായി ബന്ധപ്പെടണം. സ്കൂളിന്റെ ദൈനം ദിന കാര്യങ്ങളെക്കുറിച്ച് അനുമതിയില്ലാതെ പ്രചാരണം നടത്തിയാൽ നടപടിയെടുക്കുമെന്നു മാനേജ്മെന്റുകൾ വ്യക്തമാക്കി. പല വിവരങ്ങളും പരിശോധിച്ച് ഉറപ്പിക്കാതെ ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നതിനു പിന്നീട് മാനേജ്മെന്റ് മറുപടി പറയേണ്ട സ്ഥിതിയാണ്.

അടിസ്ഥാനരഹിത കാര്യങ്ങളും പറഞ്ഞുകേട്ട വിവരങ്ങളും പങ്കുവച്ച് സ്കൂളിനെ അപകീർത്തിപ്പെടുത്തരുതെന്ന് ഒരു സ്വകാര്യ സ്കൂൾ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടു തുടങ്ങുന്ന ഗ്രൂപ്പുകൾ പിന്നീട് മറ്റു പല കാര്യങ്ങളിലേക്ക് വഴി മാറുകയാണെന്ന് അധ്യാപകരും പരാതിപ്പെടുന്നു.രക്ഷിതാക്കൾക്ക് സ്കൂളുകളുടെ ദൈനംദിന കാര്യങ്ങളും ലക്ഷ്യങ്ങളും അറിയാൻ അവകാശമുണ്ട്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ സ്കൂളുകൾക്കും ബാധ്യതയുണ്ട്. വർഷത്തിൽ 2 തവണയെങ്കിലും അധ്യാപകരുമായി രക്ഷിതാക്കൾ മുഖാമുഖം നടത്തണം. വർഷത്തിൽ ഒരിക്കലെങ്കിലും ക്ലാസ് മുറികൾ സന്ദർശിക്കണം. കുട്ടികളുടെ ഹാജർ നില, പെരുമാറ്റം എന്നിവയെല്ലാം രക്ഷിതാക്കൾ അറിയണമെന്നും അധികൃതർ സൂചിപ്പിച്ചു. രക്ഷിതാക്കളുമായി നല്ല ബന്ധം സൃഷ്ടിക്കണമെന്ന അധികൃതരുടെ നിർദേശം മാനിച്ചാണ് വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയത്. ഇവ അധ്യാപകരെ അധിക്ഷേപിക്കാനും സ്കൂളിനെ കുറ്റപ്പെടുത്താനും ചിലർ ഉപയോഗിച്ചതോടെയാണ് മുന്നറിയിപ്പുമായി പല മാനേജ്മെന്റുകളും രംഗത്തെത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy